News Kerala

പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Axenews | പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

by webdesk3 on | 07-03-2026 12:17:53

Share: Share on WhatsApp Visits: 89


പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു


ആലപ്പുഴ: പെരുമ്പളം ദ്വീപിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമായിരുന്ന പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ടില്‍ നിന്ന് 106 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലം പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ വര്‍ഷങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമായി.

ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തി. തുടര്‍ന്ന് നാട മുറിച്ച് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തു. ആരവങ്ങളോടെയാണ് ജനങ്ങള്‍ ചടങ്ങിനെ വരവേറ്റത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

നാട മുറിച്ചശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി. പാലം തുറന്നതോടൊപ്പം പെരുമ്പളം ദ്വീപിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസും ആരംഭിച്ചു. 

1157 മീറ്റര്‍ നീളവും ഏകദേശം 11 മീറ്റര്‍ വീതിയുമുള്ള ഈ പാലം കേരളത്തില്‍ കായലിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാണ്. വേമ്പനാട് കായലിന് കുറുകെ നിര്‍മിച്ച പാലത്തിന്റെ മധ്യഭാഗത്ത് മഴവില്‍ നിറത്തില്‍ മൂന്ന് ബോ സ്ട്രിംഗ് ആര്‍ച്ച് ഘടനകളാണ് പ്രത്യേകത. ചില ഭാഗങ്ങളില്‍ പാലത്തിന്റെ വീതി 12 മീറ്ററാണ്.

പെരുമ്പളം പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി ഏകദേശം 12,000 പേര്‍ താമസിക്കുന്ന ദ്വീപ് പ്രദേശത്തിന് ഇനി എളുപ്പത്തില്‍ കരയുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏകദേശം 100 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment