News Kerala

വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം

Axenews | വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം

by webdesk2 on | 04-02-2026 07:09:56

Share: Share on WhatsApp Visits: 5


 വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം

കണ്ണൂര്‍: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് വി. കുഞ്ഞികൃഷ്ണന്‍ എഴുതിയ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന വിവാദ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. വൈകുന്നേരം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യു, ഡോ. വി.എസ്. അനില്‍കുമാറിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പുസ്തക പ്രകാശനത്തെച്ചൊല്ലി പയ്യന്നൂരില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കനത്ത പോലീസ് സുരക്ഷയാണ് ചടങ്ങിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ധനരാജ് രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടി ഫണ്ടുകളില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക തിരിമറികളുടെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുസ്തകത്തിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനനെതിരായ ഗുരുതര ആരോപണങ്ങളും പാര്‍ട്ടിയിലെ വിഭാഗീയതയും കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ തുറന്നെഴുതിയിട്ടുണ്ട്. 100 പേജുകളുള്ള പുസ്തകം, പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ അണികള്‍ പ്രതികരിക്കണമെന്ന ആഹ്വാനമാണ് മുന്നോട്ടുവെക്കുന്നത്.

അതിനിടെ, പുസ്തക പ്രകാശനത്തിന് മുന്‍പായി ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ വെല്ലുവിളി സിപിഎം തള്ളി. ഫണ്ട് വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പങ്കുവെക്കുന്ന പതിവില്ലെന്ന മുന്‍ നിലപാട് തിരുത്തിയ പാര്‍ട്ടി നേതൃത്വം, പുസ്തകത്തിലെ വിവരങ്ങള്‍ അറിഞ്ഞ ശേഷം മാത്രം കണക്കുകള്‍ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിക്കുന്ന സിപിഎം, പുറത്താക്കപ്പെട്ട വ്യക്തിയുടെ ആവശ്യങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment