News Kerala

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരന്‍

Axenews | തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരന്‍

by webdesk2 on | 03-01-2026 10:49:07

Share: Share on WhatsApp Visits: 7


തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരന്‍

തിരുവനന്തപുരം: മൂന്നര പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജു എംഎല്‍എ കുറ്റക്കാരന്‍. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതിയും കോടതി മുന്‍ ജീവനക്കാരനുമായ ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന ഗൂഢാലോചന, വ്യാജ തെളിവുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍, ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് മേല്‍ക്കോടതിയുടെ തീരുമാനത്തിന് വിട്ടു. അതേസമയം, പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന വഞ്ചനാക്കുറ്റം കോടതി അംഗീകരിച്ചില്ല.

1990-ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ലഹരിമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സെര്‍വെല്ലിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. അന്ന് സെര്‍വെല്ലിയുടെ അഭിഭാഷകനായിരുന്നു ആന്റണി രാജു.

കോടതിയില്‍ സമര്‍പ്പിച്ച അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ വിടുതല്‍ നേടിയിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു കേസില്‍ ഓസ്ട്രേലിയയില്‍ പിടിയിലായ സെര്‍വെല്ലി, ഇന്ത്യയിലെ കേസില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് അഭിഭാഷകനും കോടതി ക്ലര്‍ക്കും ചേര്‍ന്ന് തെളിവ് മാറ്റിയത് കൊണ്ടാണെന്ന് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ദീര്‍ഘകാലം നീണ്ടുപോയ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിച്ചത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment