News Kerala

ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

Axenews | ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

by webdesk2 on | 03-01-2026 08:22:23 Last Updated by webdesk3

Share: Share on WhatsApp Visits: 4


ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ നിന്നുള്ള അണുബാധയെന്ന് സ്ഥിരീകരണം. അണുബാധയെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം അപകടകരമാംവിധം താഴ്ന്നതാണ് മരണകാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 29-ന് ഡയാലിസിസിന് വിധേയരായവരിലാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്.

അണുബാധ രക്തത്തില്‍ പടരുകയും  തുടര്‍ന്ന് രക്തസമ്മര്‍ദ്ദം താഴുകയും ചെയ്തത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഡയാലിസിസ് സെന്ററിലെ ആര്‍ഒ  വാട്ടര്‍ പ്ലാന്റില്‍ നിന്നുള്ള വെള്ളത്തിലൂടെയാവാം അണുബാധയേറ്റതെന്നാണ് വിദഗ്ധ സംഘത്തിന്റെ സംശയം. വെള്ളം നിലവില്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഡയാലിസിസിന് മുന്‍പ് രോഗികള്‍ക്ക് നല്‍കിയ മരുന്നുകളുടെയും ഫ്‌ലൂയിഡുകളുടെയും സാമ്പിളുകള്‍ ശേഖരിച്ച് കള്‍ച്ചറല്‍ ടെസ്റ്റിന് വിധേയമാക്കും. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനാണ് ഈ നീക്കം.

ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍, കായംകുളം സ്വദേശി മജീദ് എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബര്‍ 29-ന് ഡയാലിസിസ് ചെയ്ത 26 പേരില്‍ 6 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതില്‍ മരിച്ച രണ്ടുപേര്‍ക്കും ഡയാലിസിസ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിറയലും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. മരിച്ച രാമചന്ദ്രന്‍ പത്ത് വര്‍ഷം മുന്‍പ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ 15 ദിവസത്തേക്ക് അടച്ചുപൂട്ടി. ഇവിടെ പതിവായി ചികിത്സ തേടിയിരുന്ന 58 രോഗികള്‍ക്കായി മാവേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പകരം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ച പ്രത്യേക വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് മെഷീനുകള്‍ക്കും സാങ്കേതിക പരിശോധന നടത്തുന്നുണ്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.







Share:

Search

Recent News
Popular News
Top Trending


Leave a Comment