News Kerala

വടക്കാഞ്ചേരി കോഴ വിവാദം: പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

Axenews | വടക്കാഞ്ചേരി കോഴ വിവാദം: പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

by webdesk2 on | 03-01-2026 06:29:42

Share: Share on WhatsApp Visits: 4


വടക്കാഞ്ചേരി കോഴ വിവാദം: പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

തൃശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര അംഗത്തിന് സിപിഐഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എല്‍ഡിഎഫ് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

ലീഗ് സ്വതന്ത്രനായ ഇ.യു. ജാഫറും വരവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് വിവാദങ്ങള്‍ക്ക് ആധാരം. തെരഞ്ഞെടുപ്പിന് തലേന്ന് നടന്ന സംഭാഷണത്തില്‍, സിപിഐഎം തനിക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകള്‍ വെച്ചിട്ടുണ്ടെന്ന് ജാഫര്‍ വെളിപ്പെടുത്തുന്നു: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി അല്ലെങ്കില്‍ 50 ലക്ഷം രൂപ. യുഡിഎഫിനൊപ്പം നിന്നാല്‍ നറുക്കെടുപ്പിലൂടെ മാത്രമേ ഭരണം ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നും, എന്നാല്‍ എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ തന്റെ ഭാവി സുരക്ഷിതമാകുമെന്നും ജാഫര്‍ പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്.

സംഭവം വിവാദമായതോടെ ശബ്ദരേഖ വെറും സൗഹൃദ സംഭാഷണം മാത്രമാണെന്നും പണം വാങ്ങിയിട്ടില്ലെന്നും ജാഫര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വാദം പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന പി.ഐ. ഷാനവാസ് തള്ളി. ഭീഷണിയുണ്ടെന്ന് ആരോപിച്ച് ജാഫര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയും പിന്നാലെ പഞ്ചായത്ത് അംഗത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്.

ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് സിപിഐഎം ജില്ലാ നേതൃത്വം പ്രതികരിച്ചു. തങ്ങള്‍ക്ക് അംഗങ്ങളെ പണം കൊടുത്തു വാങ്ങേണ്ട ഗതികേടില്ലെന്നും കുതിരക്കച്ചവടം പാര്‍ട്ടിയുടെ ശൈലിയല്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാല്‍ ജാഫറിന് സിപിഐഎം സംരക്ഷണം ഉറപ്പുനല്‍കുന്ന മറ്റൊരു ശബ്ദരേഖ കൂടി പുറത്തുവന്നത് പാര്‍ട്ടിക്ക് പ്രതിരോധത്തിലാക്കി.


മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. നിലവിലെ സാഹചര്യം: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും 7 വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. ജാഫറിന്റെ കൂറുമാറ്റത്തോടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ജാഫര്‍ രാജിവെച്ച സാഹചര്യത്തില്‍ ഈ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.





Share:

Search

Recent News
Popular News
Top Trending


Leave a Comment