News Kerala

ശബരിമല സ്വര്‍ണ്ണകൊള്ള: ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടെന്ന് എസ്‌ഐടി

Axenews | ശബരിമല സ്വര്‍ണ്ണകൊള്ള: ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടെന്ന് എസ്‌ഐടി

by webdesk2 on | 28-12-2025 07:24:49 Last Updated by webdesk3

Share: Share on WhatsApp Visits: 9


ശബരിമല സ്വര്‍ണ്ണകൊള്ള: ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടെന്ന് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ഡി. മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ഡി. മണി നല്‍കിയ മൊഴികളില്‍ കടുത്ത പൊരുത്തക്കേടുകള്‍ ഉള്ളതായി എസ്.ഐ.ടി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരത്തെ ക്യാമ്പ് ഓഫീസില്‍ വീണ്ടും ഹാജരാകാന്‍ മണിക്കും സുഹൃത്ത് ബാലമുരുകനും നോട്ടീസ് നല്‍കി.

താന്‍ ഡി. മണിയല്ലെന്നും എം.എസ്. മണിയാണെന്നുമാണ് ആദ്യം അവകാശപ്പെട്ടതെങ്കിലും, ഇയാള്‍ തന്നെയാണ് ഡയമണ്ട് മണി എന്ന് വിളിക്കപ്പെടുന്ന ഡി. മണിയെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചു. തന്റെ പക്കല്‍ സ്വര്‍ണ്ണക്കച്ചവടമില്ലെന്നും റിയല്‍ എസ്റ്റേറ്റ് മാത്രമാണെന്നുമാണ് മണിയുടെ വാദം. എന്നാല്‍ ഇയാളുടെ പണമിടപാടുകളില്‍ വലിയ അസ്വാഭാവികതയുള്ളതായി പോലീസ് നിരീക്ഷിക്കുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്കായി മണി തിരുവനന്തപുരത്ത് എത്തിയിരുന്നതായി സൂചനയുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മണിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോറ്റിയെ അറിയില്ലെന്ന നിലപാടിലാണ് മണി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോണ്‍ രേഖകളും മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണ്.

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ രാജ്യാന്തര പുരാവസ്തു റാക്കറ്റിന് വിറ്റുവെന്നും ഇതിന് പിന്നില്‍ ഡി. മണിയാണെന്നുമാണ് പ്രവാസി വ്യവസായിയുടെ ആരോപണം. ശബരിമലയ്ക്ക് പുറമെ പത്മനാഭസ്വാമി ക്ഷേത്രവും ഈ സംഘം ലക്ഷ്യം വെച്ചിരുന്നതായി സൂചനയുണ്ട്. ഏകദേശം 1000 കോടി രൂപയുടെ തട്ടിപ്പിനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡി. മണി നല്‍കിയ മൊഴികള്‍ വിശ്വാസത്തിലെടുക്കാത്ത സാഹചര്യത്തില്‍, ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ കസ്റ്റഡി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ എസ്.ഐ.ടി ആലോചിക്കുന്നുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment