News India

പുടിന്‍ ഇന്ത്യയിലേക്ക്; സുപ്രധാന ഉച്ചകോടിയില്‍ പങ്കെടുക്കും

Axenews | പുടിന്‍ ഇന്ത്യയിലേക്ക്; സുപ്രധാന ഉച്ചകോടിയില്‍ പങ്കെടുക്കും

by webdesk2 on | 18-11-2025 07:25:00 Last Updated by webdesk2

Share: Share on WhatsApp Visits: 12


പുടിന്‍ ഇന്ത്യയിലേക്ക്; സുപ്രധാന ഉച്ചകോടിയില്‍ പങ്കെടുക്കും

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 23-ാമത് ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അടുത്ത മാസം നാലാം തീയതിയോടെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരിയില്‍ യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. ലോക രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഈ സന്ദര്‍ശനത്തില്‍ പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം, സാങ്കേതിക സഹകരണം തുടങ്ങിയ വിവിധ മേഖലകളിലായി നിരവധി ഉഭയകക്ഷി കരാറുകള്‍ ഒപ്പിടാന്‍ സാധ്യതയുണ്ട്.

ഉച്ചകോടിക്കായുള്ള തയ്യാറെടുപ്പുകള്‍ ഇരു രാജ്യങ്ങളും സജീവമായി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. നിരവധി ഉഭയകക്ഷി കരാറുകളുടെ അന്തിമരൂപം തയാറായി വരികയാണ്. ഇന്ത്യ-റഷ്യ ബന്ധം അന്താരാഷ്ട്ര ബന്ധങ്ങളില്‍ സ്ഥിരതയുടെ ഒരു ഘടകമാണ്,കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയ്ശങ്കര്‍ അറിയിച്ചു. യുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങള്‍, അഫ്ഗാനിസ്ഥാനിലെ സാഹചര്യം എന്നിവയെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തു.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക നിലപാട് കടുപ്പിക്കുകയും, റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്തില്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായി റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളോയ് പട്രുഷേവ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെത്തി അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുകയും ഉച്ചകോടിയിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment