News Kerala

കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി: റോഡില്‍ വന്‍ ഗര്‍ത്തം, വീടുകളില്‍ വെള്ളം കയറി

Axenews | കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി: റോഡില്‍ വന്‍ ഗര്‍ത്തം, വീടുകളില്‍ വെള്ളം കയറി

by webdesk2 on | 17-11-2025 07:05:47 Last Updated by webdesk3

Share: Share on WhatsApp Visits: 18


കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി: റോഡില്‍ വന്‍ ഗര്‍ത്തം, വീടുകളില്‍ വെള്ളം കയറി

 നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖലയിലെ തകരാറുകള്‍ തുടര്‍ക്കഥയാവുകയാണ്. കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കൂടാതെ, റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ അതുവഴിയുള്ള ഗതാഗതവും പൂര്‍ണ്ണമായി തടസ്സപ്പെട്ടു.

പുലര്‍ച്ചെ ശക്തമായ ശബ്ദത്തോടെ പൈപ്പ് പൊട്ടുകയായിരുന്നു. ഇതോടെ റോഡിലേക്ക് ഇരച്ചെത്തിയ വെള്ളം സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലുള്ള കെട്ടിടങ്ങളിലേക്ക് അതിവേഗം ഒഴുകിയെത്തി. നിരവധി വീടുകളുടെയും കടകളുടെയും അകത്തേക്ക് വെള്ളവും ചെളിയും കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡ് പൂര്‍ണ്ണമായി തകര്‍ന്ന് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. റോഡില്‍ വന്‍തോതില്‍ മണ്ണും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. യാത്രാ തടസ്സം കാരണം നിരവധി ആളുകള്‍ ബുദ്ധിമുട്ടിലായി. 

ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസവും കുടിവെള്ള പൈപ്പ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൈപ്പ് പൊട്ടല്‍ ഈ പ്രദേശത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ ഈ മേഖലയിലേക്കുള്ള പമ്പിങ് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പൊട്ടിയ പൈപ്പ് എത്രയും പെട്ടെന്ന് നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.




Share:

Search

Recent News
Popular News
Top Trending


Leave a Comment