News Kerala

അറ്റകുറ്റപ്പണി: മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു

Axenews | അറ്റകുറ്റപ്പണി: മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു

by webdesk2 on | 12-11-2025 07:14:27 Last Updated by webdesk3

Share: Share on WhatsApp Visits: 23


അറ്റകുറ്റപ്പണി: മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു

അറ്റകുറ്റപ്പണികള്‍ക്കായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം ഇന്നുമുതല്‍ ഒരു മാസത്തേക്ക് അടച്ചു. ഇന്നലെ നടന്ന മന്ത്രിതല യോഗത്തിലാണ് വൈദ്യുതി നിലയം അടച്ചുപൂട്ടാന്‍ തീരുമാനമായത്. പുലര്‍ച്ചെ നാല് മണിയോടെ നിലയം അടച്ചതിന് പിന്നാലെ ജനറേറ്ററുകളിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ബട്ടര്‍ഫ്‌ളൈ വാല്‍വിലെ തകരാറുകള്‍ പരിഹരിക്കുന്നതിനും ലീക്ക് നിയന്ത്രിക്കുന്നതിനുമായാണ് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ പവര്‍ഹൗസ് അടച്ചിടുന്നത്.

വൈദ്യുതി വിതരണത്തിന് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്. 700 മെഗാ വാട്ടിന്റെ വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടാകുന്നത് പരിഹരിക്കുന്നതിനായി പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കടം നല്‍കിയ വൈദ്യുതി തിരികെ വാങ്ങി പ്രശ്‌നപരിഹാരം കാണാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം.

എന്നാല്‍, വൈദ്യുതി നിലയം അടച്ചതോടെ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് കുറയാന്‍ തുടങ്ങുന്നതില്‍ നാല് ജില്ലകളിലെ ജലവിതരണ പദ്ധതികള്‍ അവതാളത്തിലാകുമോ എന്ന ആശങ്കയുണ്ട്. പ്രതിദിനം മൂന്ന് ദശലക്ഷം ഘനയടി വെള്ളം ഒഴുകിയിരുന്നത് നിലയം അടച്ചതോടെ ഒരു ദശലക്ഷം ഘനയടിയിലേക്ക് കുറയും. ഇത് മൂവാറ്റുപുഴ ആറിലെ ജലനിരപ്പിനെ കാര്യമായി ബാധിക്കും. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലായി 30 പഞ്ചായത്തുകളെയാണ് വെള്ളത്തിന്റെ ലഭ്യത കുറവ് ബാധിക്കാന്‍ സാധ്യതയുള്ളത്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ഭാഗത്തേക്കുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന ജലസ്രോതസ്സും ഇത് തന്നെയാണ്.

ചെറുതോണിയില്‍ നിന്ന് പെന്‍സ്റ്റോക്ക് വഴി മൂലമറ്റത്ത് എത്തിച്ച് വൈദ്യുതോല്‍പാദനത്തിന് ശേഷം മലങ്കര ഡാമിലൂടെ ഒഴുകി തൊടുപുഴ, മൂവാറ്റുപുഴ, പിറവം, വൈക്കം വഴി വേമ്പനാട്ട് കായലിലാണ് ഈ വെള്ളം എത്തിച്ചേരുന്നത്. ആറിലെ ജലലഭ്യത കുറഞ്ഞാല്‍ വൈക്കം ഭാഗത്ത് വെള്ളം കയറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പെരിയാറിനെ ആശ്രയിച്ച് ബദല്‍ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായി ഫലപ്രദമാകില്ലെന്നാണ് വിദഗ്ദ്ധ വിലയിരുത്തല്‍. പ്രതിസന്ധി ഉണ്ടാകാനുള്ള സാഹചര്യം മുന്നില്‍കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment