News Kerala

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്

Axenews | കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്

by webdesk2 on | 09-11-2025 07:09:14 Last Updated by webdesk3

Share: Share on WhatsApp Visits: 17


കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്

കേരള സര്‍വകലാശാല സംസ്‌കൃതം വിഭാഗം ഡീന്‍ ഡോ. സി. എന്‍. വിജയകുമാരിക്കെതിരെ ഗവേഷക വിദ്യാര്‍ഥിയായ വിപിന്‍ വിജയന്‍ നല്‍കിയ ജാതി അധിക്ഷേപ പരാതിയില്‍ കേസെടുക്കുന്നതിനുള്ള സാധ്യത തേടി പോലീസ്. ശ്രീകാര്യം പോലീസില്‍ കഴിഞ്ഞ ദിവസം വിപിന്‍ വിജയന്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പോലീസ് നിയമപരമായ ഉപദേശം തേടും.

കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു.

ഗവേഷക വിദ്യാര്‍ഥിയായ വിപിന്‍ വിജയന്‍ പോലീസിന് നല്‍കിയ പരാതിയില്‍ ഡോ. സി. എന്‍. വിജയകുമാരി ഗുരുതരമായ ജാതീയ അധിക്ഷേപങ്ങള്‍ നടത്തിയതായി പറയുന്നു. പുലയന് എന്തിനാണ് ഡോക്ടര്‍ വാല് എന്ന് മറ്റ് അധ്യാപകരുടെ മുന്നില്‍വെച്ച് ഡീന്‍ ചോദിച്ചു. പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട എന്നും, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും ആക്ഷേപിച്ചു. വിപിനെപ്പോലുള്ള നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ ഡീനില്‍ നിന്ന് ഉണ്ടായെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

നേരത്തെ, ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഡീന്‍ വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി താന്‍ നിരന്തരമായി ജാതി വിവേചനം നേരിടുന്നുവെന്ന് കാട്ടി പോലീസിലും സര്‍വകലാശാലയിലും പരാതി നല്‍കിയത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment