by webdesk3 on | 09-10-2025 12:58:47
ശബരിമല: ശബരിമല സ്വര്‍ണ മോഷണ വിവാദത്തില്‍ സ്‌ട്രോങ് റൂമുകള്‍ ശനിയാഴ്ച ജസ്റ്റിസ് കെ.ടി. ശങ്കരന്‍ നേരിട്ട് പരിശോധിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം സ്‌ട്രോങ് റൂമുകളില്‍ ഉള്ള വസ്തുക്കളുടെ കണക്ക് തിട്ടപ്പെടുത്തി കൃത്യമായി രജിസ്ട്രി തയ്യാറാക്കി ഹൈക്കോടതിക്കു മുന്നില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
ദ്വാരപാലക സ്വര്‍ണപാളിയില്‍ രജിസ്ട്രിയില്‍ ഗുരുതര വീഴ്ചയുണ്ടായതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതാണ് സ്‌ട്രോങ് റൂമുകള്‍ തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കാന്‍ കാരണം. ശബരിമലയില്‍ ഉള്ള 18 സ്‌ട്രോങ് റൂമുകളെല്ലാം പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ നാളെ ദേവസ്വം വിജിലന്‍സ് പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ പാളികളുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ മനോജ് ഭണ്ഡാരിയില്‍ നിന്ന് ദേവസ്വം വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.