by webdesk3 on | 17-08-2025 02:37:49 Last Updated by webdesk3
തിരുവനന്തപുരം: സിപിഐഎമ്മിലെ കത്ത് വിവാദത്തെ ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തെയും സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങിയ വ്യക്തി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായത് എങ്ങനെ സാധ്യമായി എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
ഈ വിഷയത്തില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും എന്ത് ബന്ധമാണുള്ളത്? എന്തുകൊണ്ട് ഇത്രകാലം സത്യാവസ്ഥ മറച്ചുവച്ചു? എന്ന് വി.ഡി. സതീശന്‍ ചോദിച്ചു. നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണങ്ങളുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്ത് വിവാദം ഞെട്ടിക്കുന്നതാണെന്നും ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് വ്യവസായി ഉന്നയിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കള്‍ വരെ ദുരൂഹ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായി ആരോപണമുണ്ട്. സര്‍ക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് പണം കൈമാറ്റം നടന്നിട്ടുള്ളത്. അതിനാല്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.