by webdesk2 on | 17-08-2025 09:09:27
വാഷിങ്ടണ്‍: റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. യുദ്ധവിരാമത്തിന് യുക്രെയ്ന്‍ ഡൊണെറ്റ്സ്‌ക് റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. ഡൊണെറ്റ്സ്‌ക് റഷ്യയ്ക്ക് വിട്ടുനല്‍കാന്‍ തയാറായാല്‍ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാന്‍ തയാറാണെന്ന് പുടിന്‍ അറിയിച്ചതായും ട്രംപ് പറഞ്ഞു. എന്നാല്‍ പുടിന്റെ ആവശ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിരസിച്ചു.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കരാറിന് തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. റഷ്യ ഒരു വലിയ ശക്തിയാണ്, യുക്രെയ്ന്‍ അങ്ങനെയല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. എന്നാല്‍, തങ്ങളുടെ ഭൂപ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുനല്‍കി കീഴടങ്ങലിന് തയ്യാറല്ലെന്ന നിലപാടിലാണ് സെലന്‍സ്‌കി.
യുക്രെയ്ന്റെ കൂടുതല്‍ പ്രദേശം വിട്ടുനല്‍കണമെന്ന് അലാസ്‌ക ഉച്ചകോടിയില്‍ ട്രംപിനോട് പുട്ടിന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡൊണെറ്റ്സ്‌ക് പ്രവിശ്യയുടെ മൂന്നിലൊന്ന് ഭാഗം ഉള്‍പ്പെടെ യുക്രെയ്‌ന്റെ അഞ്ചില്‍ ഒന്ന് പ്രദേശവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. 2014 ലാണ് യുക്രെയ്നിലെ വ്യാവസായിക മേഖലയായ ഡൊണെറ്റ്സ്‌കില്‍ റഷ്യ അധിനിവേശം ആരംഭിച്ചത്.