by webdesk2 on | 17-08-2025 08:06:53 Last Updated by webdesk3
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും ആരോപിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് ബിഹാറില്‍ തുടക്കം. ബിഹാറിലെ സസാറാമില്‍ രാവിലെ 11.30-നാണ് യാത്രക്ക് തുടക്കമാകുന്നത്. ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാള്‍ക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുകഎന്നിവയാണ് യാത്രയുടെ പ്രധാന മുദ്രാവാക്യങ്ങള്‍.
ബിഹാറിലെ 24 ജില്ലകളിലൂടെയാണ് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര കടന്നുപോകുന്നത്. 16 ദിവസത്തെ യാത്രയില്‍ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും സംഘവും സഞ്ചരിക്കുക. കാല്‍നടയായും വാഹനത്തിലുമായാണ് യാത്ര. സെപ്റ്റംബര്‍ ഒന്നിന് ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെ സമാപിക്കും.
വോട്ടര്‍ പട്ടികയില്‍ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. രാഹുലിനും തേജസ്വിക്കും പുറമേ സിപിഐഎം നേതാവ് സുഭാഷിണി അലി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും യാത്രയില്‍ പങ്കാളികളാകും. സമാപന ദിവസം പട്നയില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും പുറമേ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സമാജ്വാദി പ്രസിഡന്റ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും.