by webdesk2 on | 16-08-2025 06:09:12 Last Updated by webdesk2
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററിലാണ് പത്രസമ്മേളനം നടക്കുക.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെയും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ നാളെ ബീഹാറില്‍ നിന്ന് വോട്ടര്‍ അധികാര്‍ യാത്ര തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിര്‍ണായക നീക്കം.
ഈ മാസം ഏഴാം തീയതിയാണ് രാഹുല്‍ ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചത്. പല വിഷയങ്ങളിലും തങ്ങളുടെ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാര്യമായ വിശദീകരണം നല്‍കിയിരുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന ഒറ്റവാക്കില്‍ ഒതുക്കുന്നതായിരുന്നു കമ്മീഷന്റെ ആദ്യ മറുപടി. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും സംസ്ഥാന തലങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, നാളെ ബീഹാറിലെ സസറാമില്‍ ആരംഭിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര, 30 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ഈ മാസം 30-ന് ആരയില്‍ സമാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തേജസ്വി യാദവ് എന്നിവര്‍ക്കൊപ്പം ഇന്ത്യ മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളും യാത്രയില്‍ രാഹുലിനൊപ്പം അണിനിരക്കും. 15 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രക്ഷോഭ യാത്രയ്ക്ക് പിന്നാലെ സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ ഇന്ത്യാസഖ്യം ഒരു മെഗാ വോട്ടര്‍ അധികാര്‍ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്.