by webdesk3 on | 16-08-2025 12:41:19 Last Updated by webdesk3
തിരുവനന്തപുരം:സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആര്‍എസ്എസിനെ വെള്ളപൂശിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യദിന കാര്‍ഡില്‍ സവര്‍ക്കറെ മുകളില്‍ പ്രതിഷ്ഠിച്ചതും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത്, സ്വാതന്ത്ര്യസമരത്തിന്റെ മഹത്വത്തെ അപമാനിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള ആര്‍എസ്എസിനെ വെള്ളപൂശാനുള്ള ശ്രമം എത്ര നടത്തിയാലും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യദിന പ്രസംഗം ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ച പ്രധാനമന്ത്രിയുടെ നടപടി, ആ ദിനത്തിന്റെ ആത്മാവിനെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു.