by webdesk2 on | 16-08-2025 08:02:08
ആങ്കെറിജ് (അലാസ്ക) : റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് പ്രതീക്ഷ നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ നല്ല പുരോഗതിയുണ്ടായതായി ട്രംപ് അറിയിച്ചു. പല കാര്യങ്ങളിലും ധാരണയിലെത്തിയെങ്കിലും അന്തിമ കരാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് പുടിൻ പ്രതികരിച്ചു. അടുത്ത ചർച്ച മോസ്കോയിൽ വെച്ച് നടത്താമെന്ന് പുടിൻ ട്രംപിനോട് നിർദ്ദേശിച്ചു. അലാസ്‌കയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ക്ഷണിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.