by webdesk3 on | 15-08-2025 01:23:15 Last Updated by webdesk2
ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഉണ്ടായ ഭീകരമായ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. 68 പേര്‍ കാണാതായിട്ടുണ്ടെന്നാമ് പ്രാഥമിക വിവരം. പരുക്കേറ്റ 167 പേരെ സേന രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ഭീമന്‍ പാറക്കല്ലുകള്‍, കടപുഴകിയ മരങ്ങള്‍, വൈദ്യുത തൂണുകള്‍ എന്നിവ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിലാണ് രക്ഷാപ്രവര്‍ത്തകര്‍.
മചയില്‍ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ അവസാന ഗ്രാമമാണ് ചൊസിതി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ജൂലൈ 25-ന് തുടങ്ങിയ തീര്‍ത്ഥാടനത്തിനായി നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. സെപ്റ്റംബര്‍ 5-നായിരുന്നു തീര്‍ത്ഥാടനം അവസാനിക്കേണ്ടിയിരുന്നത്. ക്ഷേത്രത്തിലെത്താന്‍ എട്ടര കിലോമീറ്റര്‍ ദുര്‍ഘടമായ പാതയാണ് കടക്കേണ്ടത്.
മിന്നല്‍ പ്രളയത്തില്‍ 16 വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും മൂന്ന് ക്ഷേത്രങ്ങളും പാലവും നിരവധി വാഹനങ്ങളും ഒലിച്ചുപോയി. ദുരന്തബാധിതരെ കണ്ടെത്താന്‍ സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.