by webdesk3 on | 15-08-2025 11:10:56
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന രാജ്യത്ത് ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയായ ഇത്, സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലി നേടുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും സര്‍ക്കാര്‍ 15,000 രൂപ സാമ്പത്തിക സഹായം നല്‍കുന്നതാണ് പ്രത്യേകത.
കൂടാതെ, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രോത്സാഹന തുകയും ലഭിക്കും. പദ്ധതിയിലൂടെ രാജ്യത്ത് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2047 വിദൂരമല്ല, അത് മുന്നേറാനുള്ള സമയമാണ്. സര്‍ക്കാര്‍ നിങ്ങളോടൊപ്പം ഉണ്ട്. പുതിയ ചരിത്രം സൃഷ്ടിക്കാം, എന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ദേശീയ നിര്‍മ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുകയാണെന്നും, ഗുണനിലവാരത്തില്‍ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലകുറവ്, ഉന്നത ഗുണനിലവാരം എന്നതാണ് രാജ്യം സ്വീകരിക്കേണ്ട മുദ്രാവാക്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് 140 കോടി ഇന്ത്യക്കാരുടെയും ലക്ഷ്യം സമൃദ്ധ ഭാരതമാണ്. കോടിക്കണക്കിന് പേരുടെ ത്യാഗഫലമായി സ്വാതന്ത്ര്യം നേടിയതുപോലെ, കോടിക്കണക്കിന് പേരുടെ ഏകമനസ്സായ ശ്രമത്തിലൂടെ സമൃദ്ധ ഭാരതവും നേടാനാകും എന്നും അദ്ദേഹം പറഞ്ഞു.