by webdesk2 on | 10-07-2025 07:36:12 Last Updated by webdesk2
തിരുവനന്തപുരം: വിദേശത്തുനിന്ന് തിരിച്ചെത്തിയ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്ത് എത്തും. കഴിഞ്ഞ ദിവസം അവധിക്കപേക്ഷ നല്‍കിയ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറും ഇന്ന് യൂണിവേഴ്‌സിറ്റിയില്‍ എത്തുമെന്നാണ് സൂചനകള്‍.
സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചിട്ടില്ലെന്നും, യൂണിവേഴ്‌സിറ്റിയിലേക്ക് വരാന്‍ പാടില്ലെന്നും കാണിച്ച് വിസി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അവധിക്ക് അപേക്ഷ നല്‍കിയെങ്കിലും, സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന ചോദ്യം ഉന്നയിച്ച് മോഹനന്‍ കുന്നുമ്മല്‍ അപേക്ഷ തള്ളുകയായിരുന്നു. ജൂലൈ 9 മുതല്‍ അനിശ്ചിതകാലത്തേക്കാണ് രജിസ്ട്രാര്‍ അവധിക്കായി അപേക്ഷിച്ചിരുന്നത്.
അതിനിടെ, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഇന്ന് ഒരേ വേദിയില്‍ എത്തും. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടപ്പിലാക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഥമശുശ്രൂഷാ പഠനം എന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഗവര്‍ണര്‍ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോള്‍, വിദ്യാഭ്യാസ മന്ത്രിയാണ് അധ്യക്ഷന്‍.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്കാണ് പരിപാടി. മന്ത്രിസഭാ യോഗത്തിന് ശേഷം പരിപാടിയില്‍ പങ്കെടുക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. കാവി കൊടിയേന്തിയ ഭാരതാംബ ഫോട്ടോ വിവാദത്തില്‍ രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച ശേഷം ഇത് ആദ്യമായാണ് ഗവര്‍ണറും വിദ്യാഭ്യാസ മന്ത്രിയും ഒരുമിച്ച് വേദി പങ്കിടുന്നത് എന്നത് ശ്രദ്ധേയമാണ്.