by webdesk2 on | 10-07-2025 07:18:06 Last Updated by webdesk3
തിരുവനന്തപുരം: എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെയാണ് പ്രതിഷേധം എന്ന് എസ്എഫ്‌ഐ നേതൃത്വം അറിയിച്ചു. കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ എത്തിയാല്‍ തടയുമെന്നും എസ്എഫ്‌ഐ നേതൃത്വം അറിയിച്ചു.
ഇതിനിടെ, വിദേശത്തുനിന്ന് തിരിച്ചെത്തിയ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്ത് എത്തും. കഴിഞ്ഞ ദിവസം അവധിക്ക് അപേക്ഷ നല്‍കിയ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറും ഇന്ന് യൂണിവേഴ്‌സിറ്റിയില്‍ എത്തിയേക്കും.
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്നും സര്‍വകലാശാലയിലേക്ക് വരരുതെന്നും കാണിച്ച് വൈസ് ചാന്‍സലര്‍ കെ.എസ്. അനില്‍കുമാറിന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അവധിക്ക് അപേക്ഷ നല്‍കിയെങ്കിലും മോഹനന്‍ കുന്നുമ്മല്‍ അപേക്ഷ പരിഗണിക്കാതെ തള്ളുകയായിരുന്നു. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയാല്‍ തുടര്‍ അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരള സര്‍വകലാശാലയിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.