by webdesk2 on | 09-07-2025 02:37:10
കൊച്ചി: കളമശ്ശേരിയില്‍ സ്വകാര്യ കമ്പനിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ തലയോട്ടിയും മനുഷ്യ അസ്ഥികളും കണ്ടെത്തി. എന്‍ഐഎ ഓഫീസിനടുത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയിലാണ് ഈ സംഭവം. വിവരമറിഞ്ഞ ഉടന്‍തന്നെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു.
വര്‍ഷങ്ങളായി കാടുകയറിക്കിടന്ന പറമ്പ് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് അസ്ഥികള്‍ ലഭിച്ചത്. ഉടന്‍തന്നെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കണ്ടെത്തിയ തലയോട്ടിയുടെയും അസ്ഥികളുടെയും കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് പോലീസിന്റെ തീരുമാനം. കാലപ്പഴക്കം കണ്ടെത്തിയാല്‍, ആ കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാണാതായ കേസുകളുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും.
അതേസമയം, സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപത്താണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍, മെഡിക്കല്‍ കോളേജുമായി ഈ കണ്ടെത്തലിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് സജീവമായി അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ ലഭ്യമാകൂ.