by webdesk2 on | 09-07-2025 07:08:29 Last Updated by webdesk3
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഷനില്‍ നിന്ന് തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം ഗവര്‍ണര്‍ അസാധുവാക്കും. കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനം റദ്ദാക്കി ഗവര്‍ണര്‍ ഇന്ന് ഉത്തരവിറക്കും. ഇതോടെ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ വീണ്ടും സസ്‌പെന്‍ഷനിലാകും.
നേരത്തെ രജിസ്ട്രാറുടെ ചുമതല നല്‍കിയിരുന്ന സീനിയര്‍ ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. ജോയിന്റ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വൈസ് ചാന്‍സലറെ അറിയിക്കും. വിസിയാണ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. കഴിഞ്ഞദിവസം രജിസ്ട്രാറുടെ ചുമതല നല്‍കിയിരുന്ന പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ മിനി കാപ്പനാകും ഇനി രജിസ്ട്രാറുടെ ചുമതല ലഭിക്കുക. ഇന്ന് മുതല്‍ ഡോ. മോഹനന്‍ കുന്നുമ്മലിനാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ചുമതല. സിസ തോമസിന്റെ താല്‍ക്കാലിക ചുമതലകള്‍ ഇന്നലെ അവസാനിച്ചിരുന്നു.
അതേസമയം സിന്‍ഡിക്കേറ്റിനെ പിരിച്ചു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ഗവര്‍ണരുടെ അഭിപ്രായം. സിസ തോമസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടണമെന്ന ശിപാര്‍ശയുണ്ടായിരുന്നു. പിന്നാലെ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്ന് രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കിയിരുന്നു. പക്ഷേ പൂര്‍ണമായും സിന്‍ഡിക്കേറ്റ് പിരിച്ചുവിടാനുള്ള സാഹചര്യമില്ലെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍.