by webdesk2 on | 09-07-2025 06:39:35 Last Updated by webdesk2
തിരുവനന്തപുരം: രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് അര്‍ധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണ്ണമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങള്‍ ബലമായി തടയുകയില്ലെന്നും ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍. ശുദ്ധജലം,പാല്‍, പത്രം, ആംബുലന്‍സ, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. അതു കൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങള്‍ മാത്രമേ റോഡിലിറങ്ങാന്‍ സാധ്യതയുള്ളൂ. പണിമുടക്കുന്നവരില്‍ ബാങ്ക് ജീവനക്കാരും ഉള്‍പ്പെടുന്നതിനാല്‍ ബാങ്കുകളും പൂട്ടിക്കിടക്കും. കളക്റ്ററേറ്റ് ഉള്‍പ്പെടെ ഉള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളും നിശ്ചലമാകുമെന്ന് ഉറപ്പാണ്.
സ്‌കൂള്‍, കോളേജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും പ്രായോഗികമാകുമോ എന്നത് കണ്ടറിയണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. കാലിക്കറ്റ്, കണ്ണൂര്‍, കേരള, എം ജി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ഫാക്ടറികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയും അറഞ്ഞു കിടക്കും. മാളുകളും കടകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെയും കടകള്‍ തുറക്കാതെയും സഹകരിക്കണമെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ 4 ലേബര്‍ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് എന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.