by webdesk3 on | 08-07-2025 03:00:40 Last Updated by webdesk3
തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ചാന്‍സലറായ ഗവര്‍ണറിനെതിരെ എസ്എഫ്‌ഐ നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ വിവിധ സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തിയത്.
കേരള സര്‍വകലാശാലയുടെ ആസ്ഥാനത്ത് നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി. ഇവര്‍ വിസിയുടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിക്കുകയും, ബാരിക്കേഡ് ചാടികടന്നും കെട്ടിടത്തിനുള്ളില്‍ കയറിയും പ്രതിഷേധിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ പ്രധാന കവാടം തള്ളിത്തുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് എത്തുകയായിരുന്നു. വിസി ഇന്ന് ചേബറില്‍ ഉണ്ടായിരുന്നു.
ഇതിന് ശേഷം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് സ്ഥലത്ത് നിന്നും ഒഴിപ്പിക്കാന്‍ ശ്രമിച്ചു.
ഇതേസമയം, കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വകലാശാലകളിലുമുള്ള സമാനമായ മാര്‍ച്ചുകളും സംഘര്‍ഷമായി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലേക്കുള്ള മാര്‍ച്ചിനിടെയും സംഘര്‍ഷമുണ്ടായി.