by webdesk2 on | 01-06-2025 03:07:40
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. രാജ്യത്തെ സജീവ കോവിഡ്-19 കേസുകളുടെ എണ്ണം 3,395 ആയി ഉയര്‍ന്നു. മെയ് 22-ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 257 കേസുകളില്‍ നിന്ന് 1,200% ലധികം വര്‍ദ്ധനവാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 685 പുതിയ കേസുകളും നാല് മരണങ്ങളും രേഖപ്പെടുത്തി. അതേസമയം രാജ്യത്ത് ഒരു സജീവ കേസും ഇല്ലാത്ത ഏക സംസ്ഥാനമായി സിക്കിം മാറിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സിക്കിമില്‍ ഒരു സജീവ അണുബാധ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ഒരു പ്രധാന പൊതുജനാരോഗ്യ നേട്ടമായി കണക്കാക്കപ്പെടുന്നു.
കേരളം (1,336 സജീവ കേസുകള്‍), മഹാരാഷ്ട്ര (467), ഡല്‍ഹി (375) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവുള്ളത്. ഗുജറാത്ത് (265), കര്‍ണാടക (234), പശ്ചിമ ബംഗാള്‍ (205), തമിഴ്നാട് (185), ഉത്തര്‍പ്രദേശ് (117) എന്നിവയാണ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. പുതുച്ചേരി (41), ഹരിയാന (26) തുടങ്ങിയ ചെറിയ പ്രദേശങ്ങളിലും കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ലോകാരോഗ്യ സംഘടന രണ്ട് പുതിയ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8.1 ഉം 'നിരീക്ഷണത്തിലുള്ള വകഭേദങ്ങള്‍' എന്ന് പ്രഖ്യാപിച്ചു. ചില രാജ്യങ്ങളില്‍ കേസുകളുടെ വര്‍ധനവിന് ഇവ കാരണമാകുന്നുണ്ടെങ്കിലും, രോഗതൂവ്രത വര്‍ധിക്കാന്‍ ഇവ കാരണമായതിന് തെളിവില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിലുള്ള വാക്‌സിനുകള്‍ ഗുരുതരമായ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്നും യുഎന്‍ ആരോഗ്യ സംഘടന വ്യക്തമാക്കി.