by webdesk3 on | 01-06-2025 12:18:36 Last Updated by webdesk2
വിവാദമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വര്‍ കൂടിക്കാഴ്ച തീര്‍ത്തും വ്യക്തിപരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അന്‍വറിന്റെ വീട്ടിലേക്ക് രാഹുല്‍ പോയത് ഏതെങ്കിലും ദൗത്യവുമായി അല്ലെന്നും അതിനെ വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടല്ല താന്‍ പോയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാല്‍ അതിനെ അങ്ങനെ കാണുകയാണ് ശരി. രാഹുല്‍ അന്‍വറിനെ കാണാന്‍ പോയത് ഒരു ഔദ്യോഗിക ദൗത്യത്തിനായി അല്ല. അതുകൊണ്ട് തന്നെ ഇതിന് വിവാദം ഉണ്ടാകേണ്ടതില്ല. മറിച്ച്, അഞ്ചാം തീയതി വരെയെങ്കിലും അന്‍വര്‍ തന്റെ നിലപാട് പുനപരിശോധിക്കാന്‍ സമയം ഉണ്ട് എന്നുമാണ് കെ. മുരളീധരന്റെ അഭിപ്രായം.
അന്‍വര്‍ പിണറായി സര്‍ക്കാരിനെതിരായ പോരാട്ടം നടത്തുന്ന വ്യക്തിയാണെന്നും, ആ നിലയില്‍ യുഡിഎഫിനൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് രാഹുല്‍ വ്യക്തിപരമായി ഉന്നയിച്ചതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് പേരുടെയും ആശയങ്ങള്‍ അടുത്തതായതിനാല്‍ പരസ്പരം മത്സരിക്കരുതെന്ന മാത്രമാണ് രാഹുല്‍ പങ്കുവെച്ചത്. അതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. സുഹൃത്തിനെ സന്ദര്‍ശിച്ചതായി മാത്രം ആ കൂടിക്കാഴ്ചയെ കാണണം, എന്നും അദ്ദേഹം വ്യക്തമാക്കി.