by webdesk3 on | 01-06-2025 11:48:30 Last Updated by webdesk2
പി. വി. അന്‍വറെ അര്‍ദ്ധരാത്രിയില്‍ സന്ദര്‍ശിച്ചതിനുള്ള വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്ത് രംഗത്ത്. പിണറായി സര്‍ക്കാരിനെതിരായ നിലപാട് മാറാതിരിക്കാനും വൈകാരികമായി തീരുമാനങ്ങള്‍ എടുക്കാതിരുതെന്നും പറയാനായിരുന്നു അന്‍വറെ കണ്ടതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതെന്നും അത് അനുനയ ചര്‍ച്ചയല്ലെന്നും രാഹുല്‍ വ്യക്തമാക്കി.
തമ്മില്‍ സംസാരിച്ച എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും, അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടോ അദ്ദേഹത്തിന്റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച നടന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്ത് ഒതായിയിലെ പി. വി. അന്‍വറിന്റെ വീടിലെത്തിയത്. സിപിഐഎമ്മിനെ തോല്‍പ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് അന്‍വറിനോട് രാഹുല്‍ ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാരിനെതിരേ ഒരുമിച്ച് നിലകൊള്ളേണ്ടതിന്റെ ആവശ്യം അദ്ദേഹം ഉന്നയിച്ചു. യുഡിഎഫില്‍ ചേരാനില്ലെന്ന നിലപാട് അന്‍വര്‍ വ്യക്തമാക്കിയതിന് ശേഷം ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് നേരിട്ട് അന്‍വറെ സന്ദര്‍ശിക്കുന്നത്.