by webdesk2 on | 31-05-2025 09:13:40
കൊല്ലം: കൊച്ചി തീരത്ത് മുങ്ങിയ കപ്പലില്‍ നിന്നും കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് കൊല്ലം പോര്‍ട്ടില്‍ എത്തിച്ചു. കഴിഞ്ഞ 3 ദിവസം കൊണ്ട് 6 കണ്ടയിനറുകളും തകര്‍ന്ന കണ്ടയ്‌നറുകളിലെ ഭാഗങ്ങളും എത്തിച്ചു. യുദ്ധകാല അടിസ്ഥാനത്തില്‍ ശേഷിക്കുന്ന കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനായി തീരത്തുനിന്ന് കണ്ടെയ്‌നറുകള്‍ കൊല്ലം പോര്‍ട്ടില്‍ എത്തിക്കുന്നത് തുടരുന്നു.
കടലില്‍ നിന്നുള്ള കണ്ടയിനര്‍ മാലിന്യ നീക്കം നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലം പോര്‍ട്ട് സന്ദര്‍ശിച്ചു. പ്രതികൂല കാലാവസ്ഥ കണ്ടയിനര്‍ വീണ്ടെടുക്കലിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് വാട്ടര്‍ ലൈന്‍ എം.ഡി. മനോജ് പറഞ്ഞു. അതേസമയം കണ്ടെയ്‌നറില്‍ നിന്ന് കടലില്‍ ഒഴുകിയ ബഹുഭൂരിപക്ഷം തടികളും പോളിത്തലൈന്‍ ഗ്രന്യൂള്‍സും കസ്റ്റംസ് കണ്ടെടുത്ത് മഹസ്സര്‍ തയാറാക്കി.
അതേസമയം അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ സമിതികളെ നിയോഗിച്ച് സര്‍ക്കാര്‍. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്. ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ച നടത്താന്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ ആണ് നിയോഗിച്ചത്.
പ്രത്യാഘാതം പഠിക്കാനായി പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ ഇംപാക്ട് ഓഫീസറായി നിയമിച്ചു. മലിനീകരണ നിയന്ത്രണത്തിനായി സംസ്ഥാന ജില്ലാതല സമിതികള്‍ക്കും രൂപം നല്‍കി. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറായും നിയോഗിച്ചു.