by webdesk2 on | 29-05-2025 05:22:20 Last Updated by webdesk3
കൊച്ചി തീരത്ത് എംഎസ്സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
കപ്പലില്‍ ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും, 13 എണ്ണത്തില്‍ മറ്റ് അപകടകരമായ ചരക്കുകളുമാണ് ഉണ്ടായിരുന്നത്. സമുദ്ര ആവാസ വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. ഇതിനു പുറമേ തെക്കന്‍ തീരങ്ങളില്‍ അടിഞ്ഞ് തീരമാകെ പരന്ന പോളിപ്രൊപ്പലൈന്‍ ആണ് ഇതിലൊന്ന്. പ്ലാസ്റ്റിക്ക് വ്യവസായത്തിലെ അടിസ്ഥാന അസംസ്‌കൃത വസ്തുവാണിത്. കരയില്‍ കണ്ടതിനെക്കാള്‍ എത്രയോ അധികമാകും ഇത് കടലില്‍ പരന്നിട്ടുണ്ടാകുക എന്നത് ആശങ്കാജനകമാണ്.
കപ്പലില്‍ 84.44 മെട്രിക്ക് ടണ്‍ ഡീസലും 367.1 മെട്രിക്ക് ടണ്‍ ഫര്‍ണസ് ഓയിലും ലോഡ് ചെയ്തിരുന്നു. 3 കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും മുംബൈയില്‍ നിന്നെത്തിച്ച സമുദ്ര പ്രഹരി പോലുള്ള പ്രത്യേക കപ്പലും ഉപയോഗിച്ച് എണ്ണപാടം നീക്കം ചെയ്യാന്‍ അശ്രാന്ത പരിശ്രമത്തിലാണ് തീര സംരക്ഷണ സേന. എന്നാല്‍ ക്രൂഡ് ഓയിലിലെ അപകടകാരികളായ പോളിസൈക്കളിക്ക് ഹൈഡ്രോ കാര്‍ബണ്‍ നീക്കുക എളുപ്പമല്ല. വര്‍ഷങ്ങളോളം ഇത് പരിസ്ഥിതിക നാശം വിതച്ചുകൊണ്ടിരിക്കും.
ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പെട്ടത്. അടുത്ത ദിവസം മുങ്ങുകയും ചെയ്തു.