by webdesk2 on | 16-05-2025 07:49:39 Last Updated by webdesk3
കല്‍പ്പറ്റ: വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്നുവീണ് വിനോദ സഞ്ചാരി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കും. മേപ്പാടി 900 കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ച ഷെഡ് ആണ് തകര്‍ന്നുവീണത്. അപകടത്തില്‍ നിലമ്പൂര്‍ അകമ്പാടം സ്വദേശിയായ നിഷ്മ മരണപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എമറാള്‍ഡ് തൊള്ളായിരം വെഞ്ചേഴ്സ് റിസോര്‍ട്ടില്‍ ആണ് അപകടം.
ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോര്‍ട്ടില്‍ എത്തിയത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മേപ്പാടി സി ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി. ടെന്റ് സ്ഥാപിക്കുന്ന ഷെഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലാണ്. രണ്ടുവര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും പ്രവര്‍ത്തന അനുമതി ഇല്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്ന ആളായിരുന്നു നിഷ്മ.