by webdesk3 on | 11-05-2025 12:53:47 Last Updated by webdesk3
ഐഎഎസ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കാട്ടി ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ വിജിലന്‍സിനും കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ എം ഷാജഹാനാണ് പരാതിക്കാരന്‍.
വര്‍ക്കലയിലെ ഒരു സര്‍ക്കാര്‍ ഭൂമിയെ സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്നതാണ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ദിവ്യ എസ് അയ്യറിനെതിരെ ആരോപിച്ചിരിക്കുന്നത്. പേഴ്സനല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച പരാതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതില്‍ തന്നെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിലനിര്‍ത്തേണ്ട ചട്ടങ്ങള്‍, ദിവ്യ എസ് അയ്യര്‍ പലയിടങ്ങളിലും പാലിച്ചിട്ടില്ലെന്നാണ് ആരോപണം.
വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സ്വകാര്യ വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന 27 സെന്റ് ഭൂമി റോഡ് പുറമ്പോക്കാണെന്ന് കണ്ടെത്തിയതിന് പിന്നാലെ വര്‍ക്കല തഹസില്‍ദാര്‍ അത് ഏറ്റെടുത്തിരുന്നു. എന്നാല്‍, തിരുവനന്തപുരം സബ് കലക്ടറായിരുന്ന സമയത്ത് ദിവ്യ എസ് അയ്യര്‍ തഹസില്‍ദാരിന്റെ നടപടി റദ്ദാക്കി, ഉദ്ദേശിക്കപ്പെട്ട ഭൂമി വീണ്ടും സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ നിര്‍ദേശിച്ചെന്നാണ് പരാതിയിലെ ആരോപണം.