by webdesk3 on | 09-05-2025 03:04:30
നിപ വൈറസ് ബാധിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍ ഉള്‍പ്പെടുന്നുണ്ട്, അവരില്‍ ആറ് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.
സമ്പര്‍ക്കപ്പട്ടികയിലുള്ള 49 പേരില്‍ 45 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവരാണെന്നും, മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവില്‍ അഞ്ച് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രോഗിയുടെ റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 25-ന് യുവതിക്ക് പനി ആരംഭിച്ചു. അതിന്റെ തുടര്‍ചയായി 26-ന് വളാഞ്ചേരിയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടി.
27-ാം തീയതി വീട്ടില്‍തന്നെ ആയിരുന്നു. 28-ന് വളാഞ്ചേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. 29-ന് വളാഞ്ചേരിയിലെ ഒരു ലാബിലും ക്ലിനിക്കിലും പോയി. 30-ന് വീണ്ടും അതേ ലാബില്‍ പരിശോധനയ്ക്ക് ഹാജരായി. തുടര്‍ന്നു, അടുത്ത ദിവസം വളാഞ്ചേരിയിലെ ലാബ്, ക്ലിനിക്ക് എന്നിവ സന്ദര്‍ശിച്ചതിന് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.