by webdesk2 on | 09-05-2025 07:22:16 Last Updated by webdesk3
ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാതലത്തില്‍ കുളു മണാലി, കിഷന്‍ഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങള്‍കൂടി അടച്ചു. ഇതോടെ അടച്ച വിമാനത്താവളങ്ങളുടെ എണ്ണം 24 ആയി. ജമ്മു വിമാനത്താവളമുള്‍പ്പെടെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, കുളു മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സാല്‍മര്‍, ജോധ്പുര്‍, ബിക്കാനീര്‍, ഹല്‍വാഡ, പഠാന്‍കോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
വിമാനത്താവളങ്ങള്‍ അടച്ചതോടെ ഒട്ടേറെ സര്‍വീസുകള്‍ മുടങ്ങി. ബെംഗളൂരുവില്‍നിന്ന് ഉത്തരേന്ത്യന്‍ അതിര്‍ത്തി മേഖലകളിലേക്കുള്ള സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി. അമൃത്സര്‍, ചണ്ഡിഗഡ് , ശ്രീനഗര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ 29 സര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കിയിരുന്നു. ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ട 5 സര്‍വീസുകളും എത്തിച്ചേരേണ്ട 5 സര്‍വീസുകളും റദ്ദാക്കി. മുംബൈയ്ക്കുള്ള 2 സര്‍വീസുകളും ഗാസിയാബാദിനടുത്തുള്ള ഹിന്‍ഡന്‍, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കി. വ്യോമ നിയന്ത്രിത മേഖലകളിലേക്കുള്ളവയോ വ്യോമ നിയന്ത്രിത മേഖലകള്‍ വഴിയുള്ള കണക്ടിങ് വിമാനങ്ങളോ ആണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.