by webdesk3 on | 08-05-2025 01:02:52
ഓപ്പറേഷന്‍ സിന്ദൂര്‍ പശ്ചാത്തലത്തില്‍ തീവണ്ടിയാത്രകളില്‍ സുരക്ഷ കര്‍ശനമാക്കിയതായി റെയില്‍വേ അറിയിച്ചു. ഇനി മുതല്‍ റിസര്‍വ് ചെയ്ത ടിക്കറ്റുകളോടൊപ്പം തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമായി കൈവശം വെക്കേണ്ടതായിരിക്കും.
യാത്രക്കിടെ സീറ്റിലും ബര്‍ത്തിലും ഉള്ള യാത്രക്കാരുടെ പേര് ചോദിച്ച് പൊതു പരിശോധന നടത്തി വരുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇനി തിരിച്ചറിയല്‍ രേഖ കാണിക്കാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേയുടെ പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഓണ്‍ലൈനായി ടിക്കറ്റ് എടുത്താല്‍, യാത്രക്കാരന് ഐആര്‍സിടിസി/റെയില്‍വേയുടെ ഒറിജിനല്‍ മെസേജ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ടിക്കറ്റ് പരിശോധിക്കുന്നവരെ കാണിക്കേണ്ടതായിരിക്കും. സ്റ്റേഷനില്‍ നിന്നെടുത്ത റിസര്‍വ്വ് ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖയും കാണിക്കണം.
യാത്രക്കിടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാനായില്ലെങ്കില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കി പിഴ ഈടാക്കും. പിഴ ഈടാക്കിയ ശേഷം, യാത്രക്കാരന് സീറ്റ് അനുവദിക്കുകയോ അല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് മാറ്റുകയോ ചെയ്യും.