by webdesk2 on | 08-05-2025 07:13:09 Last Updated by webdesk2
ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി പ്രതികരിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ഖത്തറും ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനും ഖത്തര്‍ ആവശ്യപ്പെട്ടു. നല്ല അയല്‍പക്ക സൗഹൃദത്തിന്റെ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ ഉറപ്പുവരുത്താന്‍ ലക്ഷ്യമാക്കിയുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കാന്‍ സേനകള്‍ക്ക് കരസേനാ മേധാവി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്.