by webdesk2 on | 07-05-2025 08:31:55 Last Updated by webdesk2
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ മുന്നൊരുക്കമെന്ന നിലയില്‍ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികള്‍ എന്നിവ സര്‍വീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു.
ബഹാവല്‍പൂര്‍, മുരിദ്‌കെ, ഗുല്‍പൂര്‍, ഭിംബര്‍, ചക് അമ്രു, ബാഗ്, കോട്ലി, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നീ പാകിസ്താന്‍ ഭീകരരുടെ ഒമ്പത് ഒളിത്താവളങ്ങളിലേക്കാണ് ഇന്ത്യന്‍ സൈന്യം പുലര്‍ച്ചെ 1.44 ഓടെയാണ് തിരിച്ചടി നടത്തിയത്. ലഷ്‌കര്‍ ആസ്ഥാനവും ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.