by webdesk3 on | 06-05-2025 02:09:23
തിരുവനന്തപുരം കാട്ടാക്കടയില്‍ ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ച സംഭവത്തെ ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവിനും പത്ത് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പിഴ തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2023 ആഗസ്റ്റ് 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രതി പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ സംഭവം നടന്ന് ആദ്യഘട്ടത്തില്‍ പോലീസ് ഇത് ഒരു അപകടമെന്നു കണക്കാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. എന്നാല്‍ പിന്നീട് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങള്‍ കേസ് തിരുമാനത്തില്‍ നിര്‍ണായകമായി മാറുകയായിരുന്നു. ദൃശ്യങ്ങളില്‍, പ്രിയരഞ്ജന്‍ കാറിലിരുന്നുകൊണ്ടിരിക്കയും, ആദിശേഖര്‍ സൈക്കിളില്‍ കയറുന്നയുടന്‍ കാറോടിച്ചുകയറ്റുന്നതുമായിരുന്നു ഉണ്ടായിരുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പോലീസ് കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തി. ഇതിലാണ് പ്രിയരഞ്ജന് ആദിശേഖറിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് തെളിഞ്ഞത്. പ്തി ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചിരുന്നു. ഈ സംഭവത്തെ ആദിശേഖര്‍ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് കണ്ടെത്തി.