by webdesk3 on | 03-05-2025 12:19:20 Last Updated by webdesk3
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൂചന. വനത്തിനുള്ളിലെ ബങ്കറില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യം പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
മനുഷ്യ സാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് സൈന്യം പരിശോധന നടത്തുന്നതായാണ് വിവരം. രാത്രിയില്‍ ഇത്തരത്തിലുള്ള പരിശോധന നടത്തിയിരുന്നുവെങ്കിലും പ്രത്യേകിച്ച് സൂചനകള്‍ ഒന്നും സൈന്യത്തിന് ലഭിച്ചിട്ടില്ല.
ഡ്രോണില്‍ സൂചനകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണ് എന്ന സംശയം ഉണ്ടായത്. വളരെ മുന്‍കൂട്ടി തന്നെ ഇവര്‍ ബങ്കറില്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ കരുതിയിട്ടുണ്ടാകും എന്നാണ് സൈന്യത്തിന്റെ നിഗമനം.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന് 11 ദിവസം കഴിയുമ്പോഴും പ്രതികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഡ്രോണിനു പുറമേ മനുഷ്യന്റെ സാമീപ്യം തിരിച്ചറിയാന്‍ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം ഉപയോഗിച്ചാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുന്നത്.