by webdesk2 on | 03-05-2025 11:13:15 Last Updated by webdesk3
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ഉയര്‍ന്ന ശേഷം റിപ്പോര്‍ട്ട് ചെയ്ത ഒരു രോഗിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍ എന്നയാളുടെ മരണത്തിലാണ് കേസ്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതിനാലാണ് ഗോപാലന്‍ മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ പരാതി.
അതേസമയം മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തിലാണ് വയനാട് സ്വദേശിയായ നസീറ മരിച്ചതെന്ന ആരോപണവുമായി സഹോദരന്‍ യൂസഫലി രംഗത്തെത്തി. ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടാണ് നസീറയുടെ കുടുംബത്തിന്റെ പ്രതികരണം. വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ് സഹോദരി മരിക്കാന്‍ കാരണമായതെന്നും യൂസഫലി പ്രതികരിച്ചു. നസീറ ഉള്‍പ്പെടെ മൂന്നോളം രോഗികളുടെ മരണം നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടവുമായി ബന്ധപ്പെട്ടെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. നസീറയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ ഇന്നലെ സംഭവിച്ച മരണങ്ങള്‍ക്ക് അപകടവുമായി ബന്ധമില്ലെന്നും നസീറയുടെ ഉള്‍പ്പെടെ നില അതീവ ഗുരുതരമായിരുന്നുവെന്നുമാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെ പുക ഉയര്‍ന്നതിന് ശേഷം മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം അല്‍പ സമയത്തിനുള്ളില്‍ നടക്കും.