by webdesk2 on | 02-05-2025 03:50:47 Last Updated by webdesk2
ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സംഘര്‍ഷ ഭൂമിയാകുകയാണ് ദക്ഷിണ കന്നഡ മേഖല. ബജ്രംഗ്ദള്‍ മുന്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉടുപ്പി ,ദക്ഷിണ കന്നഡ മേഖലകളിലായി മൂന്നു പേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്.
ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിലും വ്യാപക അക്രമമാണ് ഉണ്ടായത്. നിരവധി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. സംഘര്‍ഷം വ്യാപിക്കുന്നത് തടയുന്നതിനായി കൂടുതല്‍ പൊലീസിനെ മേഖലയില്‍ വിന്യസിച്ചു.
അതേസമയം സുഹാസ് ഷെട്ടിയുടെ കൊലപാതകികളെകുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
2022ല്‍ സൂറത്ത്കലില്‍ നടന്ന ഫാസിലിന്റെ കൊലപാതകത്തിന്റെ പ്രതികാരമായിട്ടാണോ ഈ കേസ് എന്ന സംശയത്തിലാണ് പൊലീസ്. അടുത്തിടെയാണ് ഈ കേസില്‍ സുഹാസ് ഷെട്ടി ജാമ്യത്തില്‍ ഇറങ്ങിയത്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് തിരിച്ചടിയായാണ് ഫാസിലും കൊല്ലപ്പെടുന്നത്. കര്‍ണാടക പൊലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട സുഹാസ് ഷെട്ടിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇന്ന് വൈകിട്ടോടെ സുഹാസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.