by webdesk2 on | 02-05-2025 12:12:08 Last Updated by webdesk2
കൊച്ചി: കൊച്ചിയില്‍ കെട്ടിട പെര്‍മിറ്റിന് കൈക്കൂലി വാങ്ങിയ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. കൊച്ചി മേയര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊന്നുരുന്നിയില്‍ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവെയാണ് വിജിലന്‍സ് സംഘം ഇവരെ പിടികൂടിയത്. തൃശ്ശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
കൊച്ചി കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. ഇതിനിടൊണ് ഉദ്യോഗസ്ഥ പിടിയിലായത്. ഔദ്യോഗിക കാലയളവില്‍ സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലന്‍സ് . വൈറ്റിലയിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു. മുന്‍പ് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളുടെ രേഖകളിലും വിജിലന്‍സ് പരിശോധന നടത്തും. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
വിജിലന്‍സ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്‌ന. തൃശ്ശൂര്‍ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.