by webdesk2 on | 01-05-2025 02:21:24
ബെംഗളൂരു ചിക്കജാലയില്‍ വിദേശ വനിത കൊല്ലപ്പെട്ട നിലയില്‍. നൈജീരിയ സ്വദേശിയായ ലൊവേത് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയോടെയാണ് ചിക്കജാലയിലെ റോഡിനോട് ചേര്‍ന്നുള്ള മൈതാനത്ത് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിനും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. അവര്‍ വിവരമറിയിച്ചതിനെ തുര്‍ന്നാണ് ചിക്കജാല പൊലീസ് സ്ഥലത്തെത്തിയത്. അംബേദ്ക്കര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കഴുത്തിനും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി മൃതദേഹം ഗ്രൗണ്ടില്‍ ഉപേക്ഷിക്കുകായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ലൊവേതുമായി ബന്ധമുള്ള ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ ലക്ഷ്യവും വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ലൊവേതുമായി ബന്ധപ്പെട്ടിട്ടുള്ള ഏഴ് പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.