by webdesk3 on | 30-04-2025 04:18:26
പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തേക്ക് എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് പുതിയ ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
വിമാനത്താവളത്തിന്റെ ശുചിമുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കും എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഇന്നലെ രാത്രി ആണ് ബോംബ് സന്ദേശം ലഭിച്ചത്. 3 മെയിലുകളിലായാണ് സന്ദേശം ലഭിച്ചത്.
ബോംബ് സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുക്കുന്നതായും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ടാം തീയതി വരെ ശക്തമായ പരിശോധനകള്‍ വിമാനത്താവളത്തില്‍ നടത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത.് കൂടാതെ അവസാനം നിമിഷം ടിക്കറ്റ് ബുക്കിംഗ് ഈ ദിവസങ്ങളില്‍ സ്വീകരിക്കില്ലെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയില്‍ അധികമായി പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്.
12 സന്ദേശങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം ലഭിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സുകള്‍ വലിയ രീതിയിലുള്ള നിരീക്ഷണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്