by webdesk3 on | 30-04-2025 01:17:43 Last Updated by webdesk2
കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം. അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നാണ് കനിവിനെ ഒഴിവാക്കിയിരിക്കുന്നത്.
എക്‌സൈസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രതിഭയുടെ മകന്‍ ഉള്‍പ്പെടെ ഒഴിവാക്കപ്പെട്ടവരുടെ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് സംഭവിച്ചത്. ലഹരി കേസുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ ഉള്‍പ്പെടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ എക്‌സൈസ് നടത്തിയിട്ടില്ല. സാക്ഷ്യമൊഴിയിലും വലിയ അട്ടിമറിയാണ് സംഭവിച്ചിരിക്കുന്നത്. സാക്ഷി മൊഴി നല്‍കിയത് മാറ്റി. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല എന്നാണ് മൊഴി.
ഡിസംബര്‍ 28നാണ് കനിവ് ഉള്‍പ്പെടെയുള്ള ഒന്‍പത് പേരെ എക്‌സൈസ് സംഘം പിടികൂടിയത്. ആലപ്പുഴ തകഴിയില്‍ നിന്നായിരുന്നു കുട്ടനാട് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത് കഞ്ചാവ് കൈവശം വെച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ ഒമ്പതാം പ്രതിയായിരുന്നു കനിവ്. അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
മകനുള്‍പ്പെട്ട കഞ്ചാവ് കേസ് വലിയ വാര്‍ത്തയാതോടെ മകന് യാതൊരു പങ്കുമില്ല എന്ന് പറഞ്ഞ് പ്രതിഭ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു.