by webdesk3 on | 29-04-2025 01:10:45 Last Updated by webdesk2
കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് ഒന്നരവര്‍ഷംമുമ്പെന്ന് റിപ്പോര്‍ട്ട്. ഭീകരരായ അലിഭായ് ഹാഷിം മൂസ എന്നിവര്‍ ഒന്നര വര്‍ഷം മുമ്പ് തന്നെ നുഴഞ്ഞു കയറിയിരുന്നു എന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഇവര്‍ രണ്ടുപേരും സാമ്പ- കത്ത്വ മേഖലയിലെ അതിര്‍ത്തി വേലി മുറിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി എന്നാണ് പുറത്തുവരുന്ന വിവരം. പഹല്‍ഗാം ആക്രമണത്തിന് പുറമേ സോന്‍മാര്‍ഗ് ടണല്‍ ആക്രമണത്തിലും അലിഭായ് പങ്കെടുത്തു എന്ന് വിവരവും പുറത്തുവരുന്നുണ്ട്. ഭീകരരെ സഹായിക്കുന്ന 14 കാശ്മീരികളുടെ വിവരങ്ങള്‍ നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്ഥാനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസയുടെ കാലാവധി ഇന്നത്തോടെ അവസാനിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭീകരര്‍ മതം ചോദിച്ചാണ് വെടിയുതിര്‍ത്തതെന്ന് ദൃസാക്ഷികളില്‍ പലരും പറഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന ദൃസാക്ഷികളും പ്രദേശവാസികളും ഉള്‍പ്പെടെ ചിത്രീകരിച്ച വീഡിയോകള്‍ എന്‍ഐഎ പരിശോധിച്ചു വരികയാണ്