by webdesk3 on | 28-04-2025 03:58:09 Last Updated by webdesk3
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ ചെന്നിത്തല. കെഎം എബ്രഹാമിനെ ഉടനടി ഈ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബി സിഇഒ സ്ഥാനത്തുനിന്നും കെ എം എബ്രഹാമിനെ നീക്കണം.
കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. കള്ളക്കടത്തും അനധികൃത നിയമങ്ങളും അനധികൃത കോണ്‍ട്രാക്ടുകളും മാസപ്പടിയും എല്ലാം ചേര്‍ന്ന് വലിയൊരു അഴിമതിയുടെ കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു.
വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാന്‍ ഉണ്ട്. കെഎം എബ്രഹാമിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണത്തെയും അത് അപ്പാടെ വിശ്വസിച്ച വിജിലന്‍സ് കോടതി വിധിയും ഹൈക്കോടതി വിമര്‍ശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരന്‍ കണ്ടെത്തിയത് നിസ്സാര വസ്തുക്കള്‍ പോലും വിജിലന്‍സിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.
വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ സ്വന്തക്കാരെ മുഴുവന്‍ അഴിമതി കേസുകളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത്തരത്തില്‍ ഒരു മുഖ്യമന്ത്രി കുറഞ്ഞപക്ഷം വിജിലന്‍സിന്റെ ചുമതല ഒഴിയാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.