by webdesk2 on | 28-04-2025 09:32:32 Last Updated by webdesk3
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടന്‍ ശ്രീനാഥ് ഭാസിയും മോഡല്‍ സൗമ്യയും എക്‌സൈസ് ഓഫീസില്‍ ഹാജരായി. കേസില്‍ ഷൈന്‍ ടോം ചാക്കോയും എക്‌സൈസ് ഓഫീസില്‍ ഹാജരായി. ബെംഗളൂരുവില്‍ നിന്നാണ് ഷൈന്‍ ടോം ചാക്കോ എത്തിയത്. രാവിലെ വിമാനം മാര്‍ഗമാണ് കൊച്ചിയില്‍ എത്തിയത്.
ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണ് ഷൈന്‍. ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്ന നിബന്ധനയാണ് ഷൈന്‍ മുന്നോട്ടുവെച്ചത്. തസ്ലീമയുമായി ലഹരി ഇടപാടുകള്‍ ഇല്ലെന്നും ആറ് മാസമായുള്ള പരിചയമാണെന്നും മോഡല്‍ സൗമ്യ മാധ്യങ്ങളോട് പറഞ്ഞു. തസ്ലീമ തന്റെ സുഹൃത്താണെന്നും അവര്‍ പ്രതികരിച്ചു.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്സൈസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്കും എക്സൈസ് കടന്നേക്കും.
കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക. തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം.
തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്‌സാപ് ചാറ്റുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്തും. ബിഗ് ബോസ് താരം ജിന്റോയോട് നാളെ ചോദ്യം ചെയ്യാന്‍ എത്തിയാല്‍ മതിയെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.