by webdesk2 on | 27-04-2025 05:22:43
കേരളം നക്‌സല്‍ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയില്‍ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി. ഈ ജില്ലകളില്‍ നക്‌സല്‍ പ്രവര്‍ത്തനം സജീവമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വളരെ കുറവായത് കൊണ്ടാണ് നക്‌സല്‍ ബാധിത പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്.
കേരളം, തമിഴ്‌നാട്, കര്‍ണാട സംസ്ഥാനങ്ങളുടെ അതിര്‍ത്തിപങ്കിടുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്ന മാവോയിസ്റ്റ് ദളം പ്രവര്‍ത്തിച്ചിരുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിളായിരുന്നു ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം സജീവം. പിന്നീട് മലപ്പുറം, വയനാട് ജില്ലകളിലേക്ക് മാറി, ഏറ്റവും ഒടുവില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് മാറി. നക്‌സല്‍ ബാധിത ജില്ലകളില്‍ പലപ്പോഴും പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. കര്‍ണടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റ് നേതാക്കള്‍ പരിശീലനം നല്‍കിയിരുന്ന ദളം സജീവമായിരുന്നു. ചില നേതാക്കള്‍ ഏറ്റമുട്ടലില്‍ മരിച്ചു, ചിലരെ പിടികൂടി, ചിലര്‍ കീഴടങ്ങി. ഇതോടെ മാവോയിസ്റ്റ് പ്രവര്‍ത്തനം കേരളത്തില്‍ സജീവമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രമെത്തിയത്.
അതേസമയം പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ സാഹചര്യത്തില്‍ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിനുള്ള കേന്ദ്രഫണ്ട് ഇനി ലഭിക്കില്ല. നക്‌സല്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സുരക്ഷാ സേനകളെ ഈ ജില്ലകളിലെ പലയിടങ്ങളിലായി വിന്യസിച്ചിരുന്നു. അതില്‍ കേന്ദ്ര സഹായവും കേരളത്തിന് ലഭിച്ചിരുന്നു.