by webdesk2 on | 27-04-2025 01:37:43
ജലവിതരണം നിര്‍ത്തിയാല്‍ യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി ഹനീഫ് അബ്ബാസി. 130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് പാക് മന്ത്രി ഹനീഫ് അബ്ബാസി മുന്നറിയിപ്പ് നല്‍കി. വ്യോമാതിര്‍ത്തി അടച്ചിടല്‍ പാകിസ്താന്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തകരുമെന്നും പാക് റെയില്‍വേ മന്ത്രി വ്യക്തമാക്കി.
സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചുകൊണ്ട് പാക്കിസ്ഥാനിലെ ജലവിതരണം നിര്‍ത്താന്‍ ഇന്ത്യ ധൈര്യപ്പെട്ടാല്‍ അത് ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് അബ്ബാസി പറഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും, അവയുടെ സ്ഥാനങ്ങള്‍ രാജ്യത്തുടനീളം ഒളിഞ്ഞിരിക്കുന്നുവെന്നും, പ്രകോപനമുണ്ടായാല്‍ ആക്രമിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങള്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകള്‍, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്, പാക് മന്ത്രി മുന്നറിയിപ്പ് നല്‍കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യ നിരവധി പ്രത്യാക്രമണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 1960 ലെ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കാനുമുള്ള തീരുമാനം ഇന്ത്യ പ്രഖ്യാപിച്ചു.